ബൂലോകത്തെ ഒരേയൊരു ചര്‍ച്ചാവേദി ...ബ്ലോത്രം ഇ-ചര്‍ച്ച........ഇതില്‍ നിങ്ങളാണ് താരം....പോസ്റ്റുകളല്ല പ്രധാനം നിങ്ങളുടെ കമെന്റുകളാണ് പ്രധാനം ....നിങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ വെറും നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തുക...മറു വാദങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു...വീണ്ടും നിങ്ങള്ക്ക് അഭിപ്രായം അറിയിക്കാം....നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു ലോകം മുഴുവനുണ്ട്‌ ...ഉടന്‍ തന്നെ കമെന്റ് അറിയിക്കൂ .......

".....ഗുണ്ടകള്‍ നാടു വാണിടും കാലം ....."

August 31, 2009

രു കാലത്തു ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സമാധാനത്തിന്റെയും കാലം നമുക്കു സമ്മാനിച്ച മാവേലി മന്നന്റെ ഓര്‍മയെ കൊണ്ടാടുന്ന നമ്മള്‍ ഒന്നാലോചിച്ചു നോക്കൂ ഇന്നു എവിടെ മറഞ്ഞു സമാധാനം?എവിടെ മാഞ്ഞു മാവേലിയുടെ സ്വന്തം നാടു ...അഹിംസക്ക് വേണ്ടി പോരാടിയ ഗാന്ധിജിയുടെയും മറ്റു അഹിംസാ വാദികളുടെയും നാടായ ഇവിടെ എന്ത് സംഭവിച്ചു?സമാധാനത്തിന്റെ മാടപ്രാവുകള്‍ സങ്കല്പത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഗുണ്ടകളുടെയും ;അല്പം കൂടി മോഡേണ്‍ ആയി പറഞ്ഞാല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കൈപിടിയില്‍ നമ്മളുടെ ഓരോ ശ്വാസവും പിടക്കുകയല്ലേ? വഴിത്തിരിവിന്റെ വെളിച്ചത്തില്‍ നമ്മള്‍ ആരംഭിക്കുന്നു ഒരു സമഗ്രമായ അന്വേഷണം ....സത്യവും നീതിയും ആരെയും തുണക്കുന്നില്ല എന്നും അധികാരികള്‍ ഇന്നു കൈയും കെട്ടി ഇത്തരം സംഭവങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു എന്ന ബോധം അന്വേഷണത്തെ കൂടുതല്‍ ആവേശ ഭരിതം ആക്കുന്നു .... അതിനാല്‍ നാം ആരംഭിക്കുന്നു ... നമ്മുടെ ആദ്യ യജ്ഞം ......

".....ഗുണ്ടകള്‍ നാടു വാണിടും കാലം ....."
അടുത്തിടയ്ക്ക് നടന്ന വിവാദ പരം ആയ ജോര്‍ജ് എം പോള്‍ വധകേസ്സ് എങ്ങും എത്താതെ നില്‍ക്കുമ്പോള്‍ നീതിയും നീതിപീഠവും ഇനിയെന്ത് എന്ന് ആലോചിക്കുമ്പോള്‍ സാധാരണ മനുഷ്യന്‍ കോമാളി ആകുന്ന ചിത്രം കണ്ടതിന്റെ വെളിച്ചത്തില്‍ ഒരു EXCLUSIVE ചര്‍ച്ച
...."സത്യം പറയേണ്ട പോലീസ് കേസില്‍ നടത്തിയ പത്ര സമ്മേളനം നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പമ്മി കളിച്ച .ജി വിന്‍സെന്റ് എം പോള്‍ നടത്തിയ പത്ര സമ്മേളനം നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?ഉണ്ടെങ്കില്‍ എന്ത് കൊണ്ടു?"

അന്ത്യം ഇല്ലാത്ത യാത്രയില്‍ ലക്ഷ്യം ഒന്നേയുള്ളൂ സത്യം മാത്രം ...രാഷ്ട്രീയ ചെളിവാരി എറിയാലോ പരസ്പര പഴി ചാരലോ അല്ല ഇവിടെ ലക്ഷ്യം മറിച്ചു നീതി ബോധവും ധാര്‍മിക ബോധവും മാത്രം ആകട്ടെ ലക്ഷ്യം എന്ന് പ്രത്യാശിക്കാം ...കൊലപാതകത്തില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ആയിരക്കണക്കിന് ചോദ്യങ്ങള്‍ പോലെ ഗുണ്ടാ വിളയാട്ടങ്ങളെ കുറിച്ചുള്ള നൂറു നൂറു ചോദ്യങ്ങള്‍ ഇന്നും ചോദ്യ ചിന്ഹങളായി തുടരുന്നു .....പ്രത്യാശിക്കാം എങ്ങുമെത്താത്ത ഒരു ചര്‍ച്ച പോലെ ഇതു ആകാതെ ഇരിക്കാന്‍ ....ഇനിയും അവശേഷിക്കുന്ന ചില പൊതു ചോദ്യങ്ങള്‍ .....


 • കമ്യുണിസ്റ്റ്‌ പച്ച പോലെ പടര്‍ന്നു പന്ധലിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ തുടക്കവും വേരോട്ടവും
  എങ്ങനെ?
 • രാഷ്ട്രീയ ശക്തികള്‍ ഇവരെ എങ്ങനെ സ്വാധീനിക്കുന്നു?
 • കുറ്റക്കാര്‍ ഉന്നതരായ രാഷ്ട്രിയ പ്രവര്‍ത്തകരോ അതോ കൂലിക്ക് തല്ലുന്ന ഗുണ്ടകള്‍ആണോ ?
 • സമൂഹത്തിന്റെ കറുത്ത ഇടന്നഴികളില്‍ കുറ്റാരോപിതര്‍ എന്ന് മുദ്ര കുത്തപെടുന്ന ഗുണ്ടകള്‍ക്കും ഒരു മനുഷ്യത്വത്തിന്റെ മുഖം ഇല്ലേ?സാഹചര്യ സമ്മര്‍ദങ്ങള്‍ ഇവരെഎങ്ങനെ സ്വാധീനിക്കുന്നു?
 • പണം കൊടുത്താല്‍ എന്ത് നീച കൃത്യവും ചെയ്യാനുള്ള extraordinary willpower ഇവര്‍ക്ക് എങ്ങനെ ഉണ്ടാകുന്നു?സിനിമകളും മറ്റും ഇതില്‍ പ്രതികള്‍ ആണോ?
 • യുവാക്കളുടെ ഇടയില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് ലഭിക്കുന്ന ഗ്ലാമര്‍ പരിവേഷവും stylish പരിഗണയും രംഗത്തെ എങ്ങനെ സ്വാധീനിക്കുന്നു?
 • പട്ടിണിയും തൊഴില്‍ഇല്ലായ്മയും ദാരിദ്ര്യവും യുവാക്കളെ എന്തിനും പ്രേരിപ്പിക്കുന്നില്ലേ?
 • മദ്യവും മയക്കു മരുന്നും മൊബൈല്‍ ഫോണുംഇങ്ങനെയുള്ളവരെ എങ്ങനെ ബാധിക്കുന്നു?
 • വിവാദപരം ആയ കേസുകളില്‍പോലീസുകാര്‍ ആണോ യഥാര്‍ത്ഥ കുറ്റക്കാര്‍ജനങള്‍ക്കും രാഷ്ട്രിയ ശക്തികള്‍ക്കുംഇടയില്‍ പാവകള്‍ ആയി പോലീസ്മാറ്റപെടുന്നുണ്ടോ? ?
 • കേരള സര്‍ക്കാര്‍ നിര്‍മിച്ച ഗുണ്ട ആക്ടുംഗുണ്ട ലിസ്റ്റും നോക്കുകുത്തികള്‍ആകുകയാണോ?ഇവ പ്രശങ്ങള്‍ക്ക് അല്പംഎങ്കിലും പരിഹാരം ഉണ്ടാക്കുന്നുണ്ടോ?
 • മാദ്ധ്യമങ്ങള്‍ ഇങ്ങനെയുള്ളവരെ എങ്ങനെസ്വാധീനിക്കുന്ന്നു?സത്യത്തില്‍ മാദ്ധ്യമങ്ങള്‍ഇവയെ sensationalize ചെയ്യുക അല്ലെ?
 • മാദ്ധ്യമങ്ങള്‍ ഇവരെ എങ്ങനെ ജനത്തിന് മുന്‍പില്‍ അവതരിപ്പിക്കുന്നു?
 • മാദ്ധ്യമങളുടെ ധര്‍മം ഇങ്ങനെയുള്ള കേസുകളില്‍ എത്രത്തോളമാണ് ?
  അവര്‍ ഇതിനെ ഒരു ഉത്സവം ആകി മാറ്റുകയാണോ?
 • പ്രമുഖര്‍ ആയ വ്യെക്തികള്‍ മാത്രം മരിച്ചാല്‍കേസുകള്‍ ശരിയായ രീതിയില്‍ നീങ്ങുന്നത്‌ആയി തോന്നുന്നില്ലേ?മറ്റുള്ള കേസുകള്‍ഫയലുകളിലും എഫ്‌ . ആറിലുംഉറങ്ങുകയല്ലേ?
 • മാദ്ധ്യമങള്‍ അടുത്ത വാര്‍ത്തയിലേക്ക്കടക്കുമ്പോള്‍ ശരിക്കും കേസുകള്‍ മാഞ്ഞുപോകുകയല്ലേ?
 • ശരിക്കും മാദ്ധ്യമങള്‍ ഉള്ളതിനാല്‍ അല്ലെകേസുകളില്‍ ഇത്രയെങ്കിലും പുരോഗതിയുംകള്ളത്തരങ്ങള്‍ കുറയ്ക്കാനുംസാധിക്കിന്നത്.?........
 • മാധ്യമങ്ങള്‍ ഇങ്ങനെയുള്ള കേസുകള്‍ വഷളാക്കാന്‍ ശ്രമിക്കുന്നുണ്ടോ ?ഒരു നെഗറ്റീവ്ചിത്രീകരണം ആണോ മാധ്യമങ്ങള്‍ നടത്തുന്നത്?
 • രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തമ്മില്‍ ചെളി വാരി എറിയാന്‍ ഉള്ള ഒരു വിഷയം ആയി ഇന്ന്ഇത് മാറുന്നില്ലേ?അവരുടെ വാദങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ?
 • രാഷ്ട്രിയ മുഖം രക്ഷിക്കല്‍ ആയി മാറിയോ ഇത്തരം കേസുകളിലെ രാഷ്ട്രീയപങ്കാളിത്തം ?
 • സാധാരണ ഞങ്ങള്‍ ഇതില്‍ വിഡ്ഢികള്‍ ആകുകയാണോ?
ഇങ്ങനെ ചോദ്യങ്ങള്‍ നീളുന്നു........അന്ത്യമില്ലാതെ ..............പക്ഷെ ഉത്തരങ്ങളോ പലപ്പോഴും ഇല്ല എന്ന് തന്നെ ആയിരിക്കും ............പക്ഷെ പ്രത്യാശിക്കാം ചര്‍ച്ചയില്‍ ഇതിനു ഒരു മറുപടി ലഭിക്കും എന്ന്......ഇനി നിങ്ങള്‍ ഇതിനെ കുറിച്ച് എന്ത് പറയുന്നു?എന്തെങ്കിലും പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഉണ്ടോ?ഉണ്ടെങ്കില്‍ അതിനുള്ള വേദി ഇതാ ഇവിടെ........
(പോസ്റ്റിലെ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രങ്ങള്‍ വലുതായി കാണാം )

25 വാദങ്ങള്‍:

ജിക്കൂസ് ! said...

പട്ടാപകല്‍ പോലും കത്തിയും വാളും ആയി വിഹരിക്കുന്ന ഗുണ്ട സംഘങ്ങള്‍ ഇന്ന് നാട്ടില്‍ വളര്‍ന്നു ഒരു പ്രസ്ഥാനം തന്നെ ആകുകയാണ് ...ആര്‍ക്കും എന്തും ചെയ്യാം എന്നുള്ള ഒരു അവസ്ഥ ഇന് സംജാതം ആയിരിക്കുകയാണ് ...സര്‍ക്കാരും പോലീസും ഇതിനു നേരെ കണ്ണടക്കുമ്പോള്‍ സാധാരണ ഞങ്ങളുടെ കണ്ണില്‍ ഭീതിയുടെ നിഴല്‍ പാകുകയാണ് ....ആരാണ് ഇങ്ങനെ ഒരു വംശത്തിനു തണല്‍ ഏകുന്നതു?എന്തിനും ഏതിനും കൂട്ടകൊലയും വെട്ടി പരുക്ക് എല്പ്പിക്കലും പരിഹാരം ആണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടത്തിന്റെ സൃഷ്ടിയാകം ഇത്....എന്തിരുന്നാലും ഇന്ന് നാട്ടില്‍ ഏറ്റവും മാന്യരായി വിലസുന്നവരും ഇവര്‍ ആണ് എന്നത് ആശങ്ക ജനകം തന്നെ ....ഇതിനെതിരെ ഞങ്ങള്‍ക്കും പോലീസിനും എന്ത് ചെയ്യാന്‍ കഴിയും?ഇന്നത്തെ കേസ്‌ അന്വേഷണങ്ങള്‍ എന്ത്രത്തോളം സത്യസന്ധം ആകുന്നു ?അനേകം ദുരൂഹതകള്‍ ബാക്കി വെക്കുന്ന ഇത്തരം കേസുകളില്‍ സര്‍ക്കാരിന്റെ അലംഭാവവും ഇന്ന് വാര്‍ത്തയാണ്...ഇന്നത്തെ മാദ്ധ്യമങ്ങള്‍ ഇതില്‍ എന്ത് നിലപാട് സ്വീകരിക്കുന്നു? .ഇനിയും ചോദ്യങ്ങള്‍ ബാകി നില്‍ക്കുകയാണ്‌ ...അതിനൊക്കെ മറുപടി ആകട്ടെ ഈ ചര്‍ച്ച.......

Echarcha said...

ഗുണ്ടകള്‍ക്ക് ആരാണ് വളം വെച്ച് കൊടുക്കുന്നത് അതാകട്ടെ ആദ്യത്തെ പോയിന്റ്‌....എന്തോക്കെയായിരിക്കാം ഇതിന്റെ പിന്നിലുള്ള കാര്യങ്ങള്‍?നിങ്ങള്ക്ക് എന്താണ് പറയാനുള്ളത്?

Author said...

ഗുണ്ടകല്ക് വളം വെച്ച് കൊടുക്കുന്നത് ഇന്നാട്ടിലെ ലോക്കല്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ്.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാം വേണ്ടിയാണു ഇത്തരക്കാര്‍ ഗുണ്ടകളെ ഉപയോഗിക്കുന്നത്

വി. കെ ആദര്‍ശ് said...

ഗുണ്ടാപ്രശനത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിച്ച് പോകുമ്പോള്‍ ചെന്നുനില്‍ക്കുന്നത് പണം അതുണ്ടാക്കുന്ന സുഖഭോഗം എന്നിവയിലാണന്നതില്‍ തര്‍ക്കമുണ്ടാകുമെന്ന് തൊന്നുന്നില്ല. ചിലര്‍, അവരുടെതന്നെയോ അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെയോ ഭാരിച്ച ചികിത്സാച്ചെലവ് കണ്ടെത്താനും ഗുണ്ടാപ്പണി എറ്റെടുക്കുന്നുണ്ട്. ഒരു വട്ടം ഈ റാക്കറ്റില്‍ ചെന്നുപതിച്ചാല്‍ പിന്നെ കരകയറാനാകില്ല. ഇത് എന്നന്നേക്കുമായി നിര്‍ത്താന്‍ പറ്റുമെന്ന് തൊന്നുന്നില്ല. കേരളം പോലെ സിവില്‍ സമൂഹം ജഡമാകാത്ത പരിസരങ്ങളില്‍ ഗുണ്ടാവിളയാട്ടം മാധ്യമങ്ങളിലെങ്കിലും ചര്‍ച്ചയാകുന്നുവെന്ന് ആശ്വസിക്കാം. ഒരു മലയാളി ദൃശ്യമാധ്യമ പ്രവര്‍ത്തക (ഇന്ത്യാ ടുഡേ യുടെ ചാനലായ ആജ്തക്/ ഹെഡ്‌ലൈന്‍സ് ടുഡേയില്‍) ദല്‍ഹിയില്‍ കൊല്ലപ്പെട്ടിട്ട് പോലും കാര്യമായ ചര്‍ച്ച ആയില്ല എന്നോര്‍ക്കുക. നാടകപ്രവര്‍ത്തകനും പുരോഗമന പ്രസ്താനങ്ങളുടെ സഹയാത്രികനുമായിരുന്ന സഫ്ദര്‍ ഹഷ്മിയും കൊലക്കത്തിക്ക് ഇരയായിട്ടെന്തായി.

ഇതിനെ ചെറുക്കാനുള്ള എകവഴി നമ്മുടെ സമൂഹത്തില്‍ പൊതുവിലും സ്കൂലുകളിലും കോളെജുകളിലും പ്രത്യേകിച്ചും മൂല്യബോധം അതിന്റെ പ്രാധാന്യം ഒക്കെ മുറുകെപ്പിടിക്കുന്ന ചര്‍ച്ചകളുണ്ടാകണം.

Answers For You said...

വ്യവസായ പ്രമുഖനായ പോള്‍ കൊല്ലപ്പെട്ടത് കൊണ്ട് മാത്രം കോലാഹലമുണ്ടാക്കി അന്വേഷണം നടത്തുന്ന പോലീസ് സംസ്കാരം കേരളത്തിന്‌ മാതൃകാപരമല്ല. കേസിലെ ഉന്നത ബന്ധങ്ങള്‍ പുറത്തു വരാതിരിക്കുവാന്‍ വേണ്ടി പോലീസും മത്രിമാരും മെനയുന്ന തിരക്കഥകള്‍ ജനങ്ങള്‍ അപ്പാടെ വിശ്വസിച്ചില്ല എന്ന് മാത്രമല്ല സ്വതന്ത്രമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വയ്ക്കുന്നുമുണ്ട്. ആകസ്മികമായ്‌ പോള്‍ കൊല്ലപ്പെട്ടതനെന്കില്‍ പിന്നെ ഓം പ്രകാശിനെയും രാജേഷിനെയും പോലുള്ള ഗുണ്ടകള്‍ എന്തിനു പോളിന് ഒപ്പം യാത്ര ചെയ്തു? വന്‍ വ്യവസായികള്‍ ഗുണ്ടകളെ ചൊല്ലും ചോറും നല്‍കി വളര്‍ത്തുന്നു എന്നല്ലേ ഇതിനര്‍ത്ഥം?

ജിക്കൂസ് ! said...

ആദ്യത്തെ വാദങ്ങളില്‍ തെളിയുന്നത്‌ ഇതിനകത്തെ മാധ്യമങ്ങളുടെ സ്വാധീനം എത്രക്കുണ്ട് എന്നാണ്....പക്ഷെ ഇവിടെ ഉന്നയിക്കപെടുന്ന വേറെ ഒരു പ്രശനം എന്താണെന്നാല്‍.....മാധ്യമങള്‍ ഇതിനു നല്‍കുന്ന dimension ആണ് ...എന്ത് രീതിയില്‍ ആണ് അവര്‍ ഇത് അന്വേഷിക്കുന്നത്.....മാധ്യമങ്ങളും ശരിക്കും അവരുടെ രാഷ്ട്രിയ അജണ്ട നടപ്പാക്കുക അല്ലെ?ഒരു വിഷയം തന്നെ പല മാധ്യമങളും ഇതു കോണില്‍ നിന്നാണ് നോക്കി കാണുന്നത് ?ഇത് ശരിക്കും ഒരു തെറ്റിധാരണ നമ്മുകിടയില്‍ ഉണ്ടാക്കില്ലേ?സത്യം എന്താണ് ?സത്യം എവിടെ നിന്ന് അറിയും?Adharsh സൂചിപ്പിച്ച പോലെ മൂല്യാധിഷ്ടിതമായ ഒരു ചര്‍ച്ച ഇന്ന് ചാനെലുകളില്‍ നടക്കുന്നുണ്ടോ ?

രഞ്ജിത്‌ വിശ്വം I ranjith viswam said...

അടുത്ത വീട്ടിലെ കൊച്ചുകുഞ്ഞ് അടുത്ത വീട്ടിലെ പട്ടിക്ക് കല്ലെറിഞ്ഞാല്‍ തിരിച്ചു ചോദിക്കാന്‍ ക്വട്ടേഷന്‍കാരെ ഏല്പ്പിക്കുന്ന കാലമാണിത്. എവിടെയെങ്കിലും ഗുണ്ടാ ആക്രമണമോ കൊലപാതകമോ ഉണ്ടാകുമ്പോള്‍ പ്രതികളുടെ രാഷ്ട്രീയ ബന്ധം തിരയുന്ന കേരള സമൂഹം തന്നെയാണ്. ഗുണ്ടാ വാഴ്ച്ചയ്ക്കു പിന്നിലെ യഥര്ത്ഥ വില്ലന്‍. രാഷ്ട്രീയ പാര്‍ടികളിലെ ചിലര്‍ക്കു ഇത്തരം ബന്ധങ്ങള്‍ ഉണ്ടാകാം.പക്ഷെ അത്തരത്തിലുള്ള പ്രചാരണം വഴി യഥാര്ത്ഥപ്രതികള്‍ സുരക്ഷിതമായി ഒളിച്ചിരുക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ വേരാഴ്ത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് ഗുണ്ടാ സംഘങ്ങളെ ഉണ്ടാക്കിയതും വളര്ത്തുന്നതും. അവരുടെ പിന്‍ ബലത്തിലും പണക്കൊഴുപ്പിലുമാണ് ഇവര്‍ നാടു വിറപ്പിക്കുന്നത്. യഥാര്ത്ഥ പ്രതികള്‍ ഇപ്പോഴും ചില്ലുകൂട്ടിലാണ്.. പരസ്യ കച്ചവട താല്പര്യങ്ങള്‍ കൊണ്ട് സമൂഹത്തെ ഉദ്ധരിക്കാന്‍ കച്ച കെട്ടിയിറങ്ങിയിട്ടൂള്ള ഒരു മാധ്യമവും സത്യം വിളിച്ചു പറയില്ല..
അര്‍ക്കും യാതൊരു ചേതവുമില്ലാതെ കൊട്ടാന്‍ രാഷ്ട്രീയക്കാര്‍ എന്ന ചെണ്ട ഉണ്ടല്ലോ.. ബാക്കിയുള്ളവരെല്ലാം പുണ്യാളന്മാരും..

ജിക്കൂസ് ! said...

രാഷ്ട്രീയമായ പഴിചാരലുകള്‍ ഇത്തരം കേസുകളില്‍ സര്‍വ സാധാരണം ആണ് ...ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മാറും വാദിച്ചു ചാനെല്‍ ചര്‍ച്ചകള്‍ കീഴടക്കുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ?സത്യത്തില്‍ സത്യം മറക്കാനുള്ള ഒരു ഉപാധി ആയി മാറിയോ ഇത്?മാധ്യമങള്‍ ഇതില്‍ എന്ത് നിലപാട് എടുക്കുന്നു?

അഭിജിത്ത് മടിക്കുന്ന് said...

മനോരമ പോലുള്ള പത്രങ്ങളുടെ പേപ്പര്‍ കട്ടിങ്ങ്സ് വെച്ച് മാത്രം ഗുണ്ടാ സംഘങ്ങളെ വിലയിരുത്തരുത്‌.മനോരമ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള ഒരു പത്രമാണ്‌.രാഷ്ട്രീയ സംഘടനകള്‍ ഗുണ്ട സംഘങ്ങളുടെ ഉറവിടമായത് കൊണ്ട് നമുക്ക് മാദ്ധ്യമങ്ങളെ മൊത്തത്തില്‍ പ്രതി പട്ടികയില്‍ ചേര്‍ക്കേണ്ടതുണ്ട്.രാഷ്ട്രീയം പവിത്രമായ ഒന്നാണ്.പക്ഷെ വ്യക്തി വൈരാഗ്യം തീഎര്‍ക്കാനുള്ള വേദി അല്ല അത് എന്ന് കൂടി മനസിലാക്കേണ്ടതുണ്ട്.പണവും അധികാരവും ഗുണ്ടാസംഘങ്ങളുടെ വളമാണ്.കൊല്ലുകയും വെട്ടുകയും ചെയ്യുന്നവര്‍ അത് എന്തിനാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണമെന്നില്ല.പലരും ഇത് കഞ്ഞികുടിയുടെ ഭാഗമായി കാണുന്നവരാണ്.രാഷ്ട്രീയം മാത്രമല്ല മതവും ജാതിയും എല്ലാം ഇതിനു വിഷയമാകാറുണ്ട്‌.ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളും മതത്തിന്റെ പേരിലുള്ള പോരും നടന്ന നാട്ടില്‍ നിന്ന് കൊണ്ടാണ് ഞാനിതെഴുതുന്നത്.ചിലപ്പോള്‍ നിസ്സാര കാരണങ്ങള്‍ ഗുണ്ട സംഘങ്ങളുടെ കൈത്തരിപ്പിനു ഭാഗം ആകാറുണ്ട്.ഇതിനു നിയമങ്ങളെയും പോലീസിനെയും പഴിചാരുന്നതിനു മുന്‍പ് നമ്മള്‍ നാട്ടുകാര്‍ ഇതിനെതിരെ എന്ത് ചെയ്യുന്നുവെന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.പ്രാദേശികമായ ചെറിയ വിഷയങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ഉത്സവമാക്കിക്കൊടുക്കുന്നവരെ എനിക്ക് പരിചയമുണ്ട്.രണ്ടു പേര്‍ തല്ലുമ്പോള്‍ ഫ്രീ ആയി തല്ലു കാണുകയല്ലാതെ അത് പിടിച്ചു മാറ്റാനോ തടയാനോ ആരെങ്കിലും ശ്രമിക്കാരുണ്ടോ.പ്രശ്നങ്ങള്‍ പലതും ചെരിപ്പോരിലെക്കും കുടിപ്പകയിലേക്കും പോകുന്നത് ആശങ്കാജനകമാണ്.

ജിക്കൂസ് ! said...

അഭ്ജിത് ഒന്ന് മനസിലാക്കുക ...ഇതില്‍ മനോരമയുമല്ല മാതൃഭൂമിയുമല്ല വിഷയം ...രാഷ്ട്രീയ നിലപാടുകള്‍ കാണിക്കാന്‍ വേണ്ടിയല്ല ഇതില്‍ cuttings ഉള്പെടുതിയത്....ഒരാള്‍ എങ്ങനെയൊക്കെ ഗുണ്ടാ സംഘങ്ങളുടെ പിടിയില്‍ അകപ്പെടുന്നു എന്ന് കാണിക്കാന്‍ മാത്രം ....അതില്‍ രാഷ്ട്രിയ അജണ്ടയുമില്ല ഒന്നുമില്ല....പിന്നെ ഓരോ പത്രത്തിനും അതിന്റേതായ ധര്‍മമുണ്ട്‌...അതിനായി നാം പൊരുതിയിട്ടു കാര്യം ഇല്ല......

അഭിജിത്ത് മടിക്കുന്ന് said...

മനോരമയുടെ ധര്മതിനെ കുറിച്ച് ജിക്കൂസ്‌ അധികം സംസാരിക്കേണ്ട.പത്രങ്ങളും പ്രതി സ്ഥാനത്ത് നില്‍ക്കുന്നത്‌ കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.ഞാന്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണ്.പക്ഷെ നേരും നെറിയും നോക്കാത്ത രാഷ്ട്രീയത്തിന് ഞാന്‍ എതിരാണ്.പത്രങ്ങളെ ഇതില്‍ അനാവശ്യമായി വലിച്ചിഴച്ചു എന്ന് കരുതരുത്‌

prasanth തിരുവനന്തപുരം വിതുര said...

ഇത് ഒരു പ്രാദേശിക വിഷമായി ചുരുക്കരുതെ ..... ആഗോള പരമായ ഒരു മുഖം കൂടി ഇതിനുണ്ട് നമ്മുടെ
മൂല്യവും , സംസ്കാരവും ,വിദ്യാഭ്യാസവും ,സ്വതവും തകര്‍ത്ത ആഗോള മൂലധന വികെന്ത്രീ കരണത്തിന്റെ പരിണിത ഭലം തന്നെയാണ് ഈ സമാധാന തകര്‍ച്ചയും ....
ഇതിനു ഒരു പ്രാദേശിക കാരണം തിരഞ്ഞാല്‍ ഉള്ളി തൊലിക്കും പോലെയാകും ഫലം .....

അഭിജിത്ത് മടിക്കുന്ന് said...

ഇതിന്റെ ആഗോളമുഖം ചര്‍ച്ച പുരോഗമിക്കുമ്പോള്‍ പുറത്ത് വരും.ഘട്ടം ഘട്ടമായി അതിലേക്കു തന്നെ ഇതും.സാമ്രാജ്യത്വത്തിന്റെയും കുത്തക മുതലാളിമാരുടെയും ഗുണ്ട മുഖം ചര്‍ച്ചയില്‍ വരേണ്ടതുണ്ട്

വി. കെ ആദര്‍ശ് said...

എന്തിനാണ് മനോരമ മാതൃഭൂമി യെ ഒക്കെ ഇതിലേക്ക് വലിച്ചിഴക്കുന്നത്. മലയാള പത്രങ്ങള്‍ എത് വ്യക്തമായ രാഷ്‌ട്രീയനിലപാടുള്ളതായാലും (അരാഷ്‌ട്രീയതയാണ് യഥാര്‍ത്ഥ അപകടം എന്നത് വേറേ കാര്യം) ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയെക്കാളും എത്ര നല്ല നിലപാടുകള്‍ ആണ് സ്വീകരിക്കുന്നതും നടപ്പാക്കുന്നതും.
പിന്നെ എന്തു ചര്‍ച്ച നടന്നാലും പത്രങ്ങളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല, അവ സമകാലീന സംഭവങ്ങളുടെ നേര്‍ക്ക് പിടിച്ച ദര്‍പ്പണങ്ങള്‍ മാത്രമാണ്.
ഗുണ്ടാ കഥയുടെ കാര്യത്തില്‍ മനോരമയ്ക്കോ മാതൃഭൂമിയ്ക്കോ എന്തെങ്കിലും നേട്ടമുണ്ടാക്കാനാകില്ല കാരണം ശരാശരി മലയാളി അവന്റെ നിത്യജീവിതത്തില്‍ എത്രയോ ചെറുതും വലുതുമായ ഗുണ്ടകളെ കണ്ടിരിക്കുന്നു. പിന്നെ ടി.വി ചാനലുകള്‍ വന്നതിന് ശേഷം, പ്രത്യേകിച്ചും ക്യാമറ കള്ളം പറയില്ല എന്ന മിഥ്യാധാരണ വച്ച് പുലര്‍ത്തുന്നതിനാലും തലേന്ന് രാത്രി ഇന്ത്യാ വിഷനും ഏഷ്യാനെറ്റും 9 മണി വാര്‍ത്തയില്‍ അവതരിപ്പിക്കുന്നതിലധികം ഇടപെടല്‍ നടത്താന്‍ നയപരമായി പോലും ദിനപത്രങ്ങള്‍ക്കാകുന്നില്ല, ഗുണ്ടാ സ്റ്റോറിയും നല്ല പോലെ കവര്‍ ചെയ്യുന്നത് ദൃശ്യമാധ്യമങ്ങളാണന്നത് മറക്കരുത്. പിന്നെ മനോരമയോ മാതൃഭൂമിയോ എത്താത്ത ഓണംകേറാമൂലകളിലും ഗുണ്ടാവിളയാട്ടം ഉണ്ടല്ലോ. ഒരു തരത്തില്‍ പറഞ്ഞാല്‍ വര്‍ധിച്ചതോതിലുള്ള ഗുണ്ടാ പ്രവര്‍ത്തനം ഒരു തരം അരാജകത്വം തന്നെയാണ്. ഭരണകൂടത്തിന് പകരം ഇവരാണ് ലോ ആന്‍ഡ് ഓഡര്‍ കൈയ്യിലെടുക്കുന്നത് എന്നത് ഒരു തരത്തിലും പൊറുക്കാനാകില്ല, വച്ചുപൊറുപ്പിക്കാനുമാകില്ല

ഗുണ്ടാചര്‍ച്ചയും അത് സമൂഹത്തിലുണ്ടാക്കുന്ന കുഴപ്പവും ബ്ലോഗില്‍ ചര്‍ച്ചയ്ക്ക് വരുന്നത് സ്വാഗതാര്‍ഹമാണ്. ടി.വി ചര്‍ച്ചയില്‍ പത്രവിമര്‍ശനം വരാത്തതുപോലെ ബ്ലോഗ് ചര്‍ച്ചയിലും പത്രവിമര്‍ശനം ഒഴിവാക്കാമെന്ന് തോന്നുന്നു.

ജിക്കൂസ് ! said...

ചര്‍ച്ച ഇന്ന് പകുതി ആയപ്പോള്‍ കിട്ടിയ അഭിപ്രായങ്ങള്‍ രാഷ്ട്രീയ ആരാജകത്വതിനും ,മാധ്യമ പൊള്ള തരങ്ങളെ വിമര്‍ശിക്കുകയും ചെയ്യുക ഉണ്ടായി ...പക്ഷെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഇവിടെയല്ല എന്നറിയാമല്ലോ .മാധ്യമങളെ നമ്മുകെ അപ്പാടെ തളികലയാന്‍ ആവില്ല ഒരേ വാര്‍ത്ത തന്നെ അവര്‍ ഇതെല്ലാം കോണില്‍ നിന്ന് കാണുന്നു?.മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ പങ്കു ഉണ്ടെന്നു പറയുന്നത് പോലെ സാധാരണ ഞങ്ങളും ഇതില്‍ കുറ്റക്കാര് ആണ് എന്ന് പറയുന്നത് ശരിയാണ് ....ജീവിത സാഹചര്യങ്ങള്‍ ഒരു മനുഷ്യനെ എങ്ങനെ ആക്കി തീര്‍ക്കുന്നു എന്ന് ഞാന്‍ പറയാതെ അറിയാമല്ലോ..പട്ടിണിയും പരിവട്ടവും പലരെയും എന്തിനും പ്രേരിപ്പിക്കുന്നു ...അതില്‍ നിന്നുണ്ടാകുന്ന വേഷ പകര്‍ച്ച എത്തി നില്‍ക്കുന്നത് വളരെ സീരിയസ്‌ ആയ കുഴപ്പങ്ങളില്‍ ആണ്....ഇന്നത്തെ സമൂഹത്തിനു ഇവര്രില്‍ ഉള്ള സ്വാധീനം എങ്ങനെ ആണ്?നാമും ഇതില്‍ കുറ്റക്കാര്‍ ആണോ?അവരെ എന്നും വൃത്തികെട്ടവര്‍ എന്ന് മുദ്ര കുത്തി അവരെ കറുത്ത ഇടനാഴിയിലേക്ക്‌ എത്തിക്കുകയല്ലേ..?ഇന്യും ഒരു തിരിച്ചു വരവ് അസാധ്യം ആക്കി കൊണ്ട് ?ഇന്ന് ചെറു കുട്ടികള്‍ പോലും ഇതിന്റെ മാസ്മരിക വലയത്തില്‍ പെടുകയല്ലേ?ചെറു പ്രായത്തില്‍ തന്നെ ഇതണ് ഒരു STYLISH പരിഗണന സ്ഥിതി മോശം ആക്കുന്നില്ലേ?അപ്പൊ നമ്മുടെ യുവ തലമുറയും ഗുണ്ട സംഘങ്ങളും എങ്ങനെ ബന്ധപെട്ടിരിക്കുന്നു?

Jomi.T.Mani said...

ആദര്‍ശ്‌ സര്‍ നേരത്തെ പറഞ്ഞതു പോലെ പണവും മദ്യവും മയക്കുമരുന്നുമാണ്‌ യുവാക്കളെ ഗുണ്ടാസംഘങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. കലാലയ ജീവിതത്തിനിടയില്‍ അസംഖ്യം യുവാക്കള്‍ മയക്കുമരുന്നിനടിമയാകുന്നുണ്ട്‌. ഇവര്‍ക്കു പിന്നീട്‌ മരുന്നിനും പണത്തിനുമുള്ള എളുപ്പ വഴിയാണ്‌ ഗുണ്ടാസംഘങ്ങള്‍. പണം ലഭിക്കാനായി മനുഷ്യത്വരഹിതമായ പല ക്രിയകളും ഇവര്‍ ചെയ്യുന്നു. യഥാര്‍ഥത്തില്‍ രാഷ്ട്രീയക്കാരുടെയും ബ്ലേഡ്‌ മാഫിയകളുടെയും കൈയ്യിലെ കളിപ്പാവകളാണിവര്‍. ഇവരെ സംരക്ഷിക്കുന്നവരെയും സഹായിക്കുന്നവരെയും ഉന്മൂലനം ചെയ്താല്‍ കേരളത്തിലെ ഗുണ്ടാ വാഴ്ച നിലക്കും.

mini//മിനി said...

എവിടെതിരിഞ്ഞൊന്ന് നോക്കിയാലും അടിച്ചുപൊളിച്ചു ജീവിക്കുന്നത് കാണുന്ന, ലക്ഷ്യബോധമില്ലാത്ത യുവാക്കള്‍ എങ്ങനെയും പണം ഉണ്ടാക്കാന്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്നു. കഴിവ് തെളിയിക്കുന്ന ഗുണ്ടകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സമൂഹത്തിലെ മാന്യന്മാര്‍പോലും മുന്നോട്ടു വരുന്നു. കഠിനമായ ശിക്ഷകൊണ്ട് മാത്രമെ ഇതിന് ഒരു പരിഹാരം കാണുകയുള്ളു.

Manoj മനോജ് said...

കൂലി തല്ലുകാര്‍... ഇന്നും ഇന്നലെയും തുടങ്ങിയതാണോ ഈ പണി. പണ്ട് മുതലേയുള്ളത്.... പണ്ട് പണക്കാരുടെ കൂടെയായിരുന്ന ഇവര്‍ ഇന്ന് പണക്കാര്‍ക്കും, അധികാരം കക്ഷത്തില്‍ നിന്ന് പോകാതിരിക്കുവാന്‍ യത്നിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും ഒപ്പമാണ്.

തന്റെ പ്രഭാവത്തിന് കോട്ടം തട്ടുമെന്നത് കാണുമ്പോള്‍ എങ്ങിനെയും എതിരാളിയെ തകര്‍ക്കാം എന്നതിലേയ്ക്ക് എത്തിച്ചേരുമ്പോള്‍ അവര്‍ ആശ്രയിക്കുന്നത് കൂലി തല്ലുകാരെയാണ്. മാധ്യമങ്ങള്‍ ഇവര്‍ക്ക് “ചെത്ത്” പേരും നല്‍കി “ക്വട്ടേഷന്‍ സംഘം”. ഇന്ന് സമൂഹത്തില്‍ ഇവര്‍ക്ക് അംഗീകാരവുമായി. പണവും അംഗീകാരവും ലഭിക്കുമ്പോള്‍ “ടീനേജേഴ്സ്” ഈ “തൊഴില്‍” തെരഞ്ഞെടുക്കുന്നത് സ്വാഭാവികം.

പണ്ട് ആലുവയില്‍ എപ്പോഴാണ് ആള് മാറി വെട്ടു കൊള്ളുന്നത് എന്നതായിരുന്നു പേടി. എന്നാല്‍ ഇന്ന് കേരളം മുഴുവന്‍ ഇവര്‍ അടക്കി വാഴുന്നു.

ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ്കാരില്‍ തന്നെ ചിലര്‍ വാടക കൊലയാളികളുമായി ചേര്‍ന്ന് ശത്രുവെന്ന് കരുതുന്നവനെ തുണ്ടം തുണ്ടമാക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് എവിടെ നിന്ന് നീതി കിട്ടുവാന്‍? നിയമത്തേക്കാള്‍ വലുതായി താന്‍ വിശ്വസിക്കുന്ന ആശയത്തോടാണ് കൂറെന്ന് നിയമം അറിയുന്ന ചിലര്‍ പൊതു വേദികളില്‍ പ്രസംഗിക്കുമ്പോള്‍ സാധാരണക്കാരന് ആശ്രയം ആരാണ്?

പണ്ട് സ്വാതന്ത്ര്യ സമരങ്ങളെയും, കര്‍ഷക സമരങ്ങളെയും അടിച്ചമര്‍ത്തുവാന്‍ കൂലിതല്ലുകാര്‍ രംഗത്തുണ്ടായിരുന്നു. ഇന്ന് അവരുടെ തല്ല് കൊണ്ടവര്‍ തങ്ങളുടെ എതിരാളികളെ അടിച്ചമര്‍ത്തുവാന്‍ ഇവറ്റകളെയും കൊണ്ട് നടക്കുന്നു.

കൊച്ചിയിലെ ഒരു മഹാദേവ ക്ഷേത്രത്തിലെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്നത് കൊച്ചി കണ്ട ഏറ്റവും വലിയ ഗുണ്ടാ തലവനായിരുന്നു എന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത്? കണിച്ച് കുളങ്ങര സംഭവത്തിന് മുന്‍പ് വരെ പറവൂര്‍ മേഖല ഗുണ്ടകള്‍ക്ക് പറുദീസയായിരുന്നു.

ഇന്ന് ആഗോള തലത്തിലെ വ്യതിയാനങ്ങള്‍ കേരളത്തിലും കണ്ട് തുടങ്ങിയിരിക്കുന്നു. തീവ്രവാദത്തില്‍ നിന്ന് “കൂളായി” പണം ഉണ്ടാക്കാമെന്ന് അവരും പഠിച്ച് കഴിഞ്ഞു.

മുംബൈയിലും, ഡെല്‍ഹിയിലും അടക്കിവാണിരുന്ന ഗുണ്ടാകളീകള്‍ ഇന്ന് കൊച്ച് കേരളത്തിലേയ്ക്ക്. മതത്തിന്റെ സ്വാധീനം പോലെ തന്നെ ഗുണ്ടാ സ്വാധീനവും ഇന്ന് രാഷ്ട്രീയക്കാരിലും കടന്ന് കയറിയിരിക്കുന്നു. ആര്‍ക്കും ആരെയും കുറ്റം പറയുവാന്‍ കഴിയാത്ത അവസ്ഥ. ട്രെയിനില്‍ തന്നെ കൊല്ലുവാന്‍ ശ്രമിച്ചു എന്ന ആരോപിക്കുന്ന വ്യക്തിക്കൊപ്പം ബിസിനസ്സ് നടത്തുന്ന വ്യക്തികളുള്ള ഈ നാട്ടില്‍ ഗുണ്ടകള്‍ക്ക് ആര് ആദ്യം മണികെട്ടുമെന്നതാണ് പ്രശ്നം.

ചര്‍ച്ചകളിലൂടെ കടന്ന് പോകുന്നതല്ലാതെ ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമോ? എവിടെ.... അടുത്ത കൊലപാതകങ്ങളില്‍ ഏതെങ്കിലും സെന്‍സേഷണലാകുമ്പോള്‍ ജനങ്ങള്‍ വീണ്ടും ഇതിനെ പറ്റി ചര്‍ച്ച തുടങ്ങും അത് വരെ പതിവ് പോലെ മറവിയിലേയ്ക്ക് തള്ളീയിടാം.....

Dr.Kanam Sankara Pillai said...

അഴിമതിയെ കുറിച്ചു പറയുന്നതു പോലെ
തന്നെ ഗുണ്ടകളെ കുറിച്ചും പറയാം.
"ഒരാഗോള പ്രതിഭാസം".
തടയാന്‍ നമുക്കു
കാര്യമായൊന്നും ചെയ്യാനില്ല.
ഒന്നിനൊന്നുകൂടിക്കൂടി വരും.
നാം നിസ്സഹായര്‍
drkanam@gmail.com
www.dr-kanam.blogspot.com

sreekuttan said...

എന്തുകൊണ്ടാണ് ഗുണ്ടകളും കൊട്ടേഷന്‍കാരും ഇത്രത്തോളം പ്രശസ്തരായത്.മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വളരെവലിയ പങ്ക് വഹിച്ചിട്ടുണ്ട്.ഒരിടത്ത് നടക്കുന്ന ഒരു ചെറിയ വാക്കുതര്‍ക്കം പോലും വന്‍ ഗുണ്ടാ ആക്രമണമായി ചിത്രീകരിച്ച് ജനങ്ങള്‍ക്ക് ചൂടോടെ വാര്‍ത്ത നല്‍കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ സര്‍ക്കുലേഷന്‍ കൂട്ടുക എന്ന ഒറ്റ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളു.ഇപ്പോല്‍ തന്നെ ഒരു രാജേഷും ഓം പ്രകാശും കാരി സതീശും എത്രത്തോളം പ്രശസ്തരായെന്ന്‍ നോക്കു.ഇനി ആ പേരു കേള്‍ക്കുമ്പോഴെ ആള്‍‍ക്കാര് ഭയപ്പെടും. ഗുണ്ടകള്‍ ഇത്രത്തോളം വളര്‍ന്നതെന്തുകൊണ്ടാണ്.സംരക്ഷിക്കുവാന്‍ ആള്‍ക്കാര്‍ ഉള്ളതുകൊണ്ടല്ലേ ഇവര്‍ ഭയരഹിതരായി വിഹരിക്കുന്നത്.ചെയ്യുന്ന കുറ്റത്തിന് കടുത്ത ശിക്ഷ ഉടനെ നല്‍‍കിയിരുന്നെങ്കില്‍ ഇത്രത്തോളം സ്ഥിതി വഷളാകുമായിരുന്നില്ല.നമ്മുടെ നിയമം ആരെയും ശിക്ഷിക്കുവാന്‍ പോകുന്നില്ല എന്ന്‍ ഇന്നാട്ടിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.മാറേണ്ടത് ഇവിടത്തെ വേശ്യാസ്ത്രീയെപ്പോലെയുള്ള നിയമവും നിയമപാലകരുമാണ്.

ജിക്കൂസ് ! said...

ഇനിയുള്ള അഭിപ്രായം റിജോ എന്നാ ബ്ലോഗ്ഗര്‍ സ്ഥാനം തെറ്റി ഇ-ചര്‍ച്ച നിയമാവലിയില്‍ അറിയിച്ചതാണ് ....അത് ഒന്ന് കൂടി പ്രസിദ്ധീകരിക്കുന്നു ....

TIJO SAID...ഗുണ്ടായിസം നമ്മുടെ നാടിന്റെ ശാപമാണു്‌. അഴിമതിയും, ഗുണ്ടായിസവും തടയണമെങ്കില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. നിയമനിര്‍മ്മാണത്തിനു പരമാവധി നിഷ്പക്ഷമായവരെ കണ്ടെത്തണം. ഭരണകക്ഷിയായാലും, പ്രതിപക്ഷം ആയാലും എല്ലാ രാഷ്ട്രീയപാര്‍ട്ട്കളേയും നിയമത്തിന്റെ ചട്ടക്കൂട്ടില്‍ കൊണ്ടുവരണം. അപകടകാരിയായ ഗുണ്ടകളെ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവു്‌ ഇറക്കണം. അതിനു പ്രത്യേക സേനയെതന്നെ നിയമിക്കണം. പണവും, സ്വാധീനവും, അധികാരവും ഉണ്ടെങ്കില്‍ ആര്‍ക്കും ആരേയും രക്ഷിക്കാം അല്ലെങ്കില്‍ ശിക്ഷിക്കാം എന്ന നിലപാടു്‌ ഇല്ലാതാക്കണം. സ്വാര്‍ത്ഥരായ ചില രാഷ്ട്രീയപാര്‍ട്ടികളും, അധികാരമോഹികളായ ചില വ്യക്തികളും ചേര്‍ന്നാണു ശരിക്കും ഗുണ്ടായിസം വളര്‍ത്തിയതും നിലനിര്‍ത്തിപോരുന്നതും എന്നതു എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യമാണു്‌. ഒരുവിധ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരത്തിലുള്ള ഗുണ്ടകളുടെ സേവനം രഹസ്യമായിട്ടും, പരസ്യമായിട്ടും തേടാറുണ്ടെന്നതു പരസ്യമായ ഒരു രഹസ്യമാണു്‌. പണത്തിന്റേയും അധികാരത്തിന്റേയും ലഹരിയില്‍ ചിലര്‍ അഴിഞ്ഞാടുമ്പോള്‍, എളുപ്പമാര്‍ഗ്ഗത്തില്‍ക്കൂടി പണം സമ്പാദിക്കാനും അധികാരങ്ങള്‍ കരസ്ഥമാക്കാനും യുവജനങ്ങള്‍ ഗുണ്ടായിസത്തിലേക്കു ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണിന്നു്‌. ഇതിനു എത്രയും വേഗം ഒരു പ്രതിവിധി കാണാന്‍ കഴിയാതെപോയാല്‍ അടുത്ത തലമുറ വഴിപിഴച്ചുപോകും എന്നതു ഉറപ്പാണു്‌ !

പാവത്താൻ said...

പണവും അധികാരവും എന്നും മനുഷ്യനെ ദുഷിപ്പിച്ചിരുന്നു.ഇഛാശക്തിയുള്ള ഭരണാധികാരികളുടെ അഭാവമാണ് നമ്മുടെ നാടിന്റെ ശാപം.അതിനു കാരണമോ നിസ്സംഗരായ നിഷ്ക്രിയരായ,ജനതയും.നാമോരൊരുത്തരും നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ മുന്നോട്ടു വരാത്തിടത്തോളം ഇതൊക്കെ ഇങ്ങിനെ തുടരും...
രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, നിയമപാലകര്‍,രാഷ്ട്രീയനേതാക്കള്‍
എല്ലാവരും ഉത്തരവാദികളാണ്, ഇന്നത്തെ ഈ അവസ്ഥാവിശേഷത്തിന്.

Gopi Vettikkat said...

കേരളത്തില്‍ ഇന്ന് കാണുന്ന ഗുണ്ടാ സംഘം ങ്ങളുടെ വളര്‍ച്ചയില്‍ രാഷ്ട്രീയക്കാരുടെ പങ്കിനെ പ്പോലെത്തന്നെ ഇവിടത്തെ വന്‍കിട വ്യവസായികളുടെയും ബ്ലേഡ് കമ്പനികളുടെയും പങ്കിനെയും കുറച്ചു കാണാന്‍ ആവില്ല ..ഒരു പരിധി വരെ ഇവരെ വളര്‍ത്തുന്നതും ഇവര്‍ത്തന്നെ..ഇന്നത്തെ ഉപഭോഗ സംസ്കാരത്തിനും ഇതില്‍ പങ്കുഉണ്ട് ..വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ ഇല്ലായ്മ ..എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള വ്യഗ്രത ..ചെറുപ്പക്കാരെ ഇത്തരം ഒരവസ്ഥയിലേക്കു എത്തിക്കുന്നു ..ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ വളരുന്ന ചെറുപ്പക്കാര്‍ ..പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു..മയക്കു മരുന്നും നോട്ടിരട്ടിപ്പും ..വണ്ടി പിടുത്തവും ഒക്കെ അവര്‍ക്ക് പണം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗം മാത്രം..ഒരിക്കല്‍ ഈ വഴിയില്‍ എത്തിപ്പെട്ടു ഒന്നോ രണ്ടോ കേസില്‍ പിടിക്കപ്പെട്ടു പുറത്തു വന്നാല്‍ സമൂഹം അവരെ പിന്നെ ഗുണ്ടകള്‍ ആയിത്തന്നെ കാണുന്നു..ഒരു വിധത്തില്‍ പോലീസും ഇവരെ സഹായിക്കുന്നു.. മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുന്ന പോലീസ്‌ ഇത്തരം സംഘങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് ..സാധാരണ ജനങ്ങളുടെ സമാധാന ജീവിതത്തിന്‌ ഇത്തരം സംഘങ്ങളെ ഉല്‍മൂലനം ചിയ്യേണ്ടത് അത്യാവശ്യമാണ്..അതിനു വേണ്ടത് പോലീസിന്റെയും ജനങ്ങളുടെയും ഭരിക്കുന്നവരുടെയും ഇഛാ ശക്തിയാണ് ...

പാവത്താൻ said...

ധാര്‍മ്മികതയിലും,നന്മയിലും അധിഷ്ഠിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനുളള ശ്രമമാണ് വേണ്ടതെന്നു തോന്നുന്നു.അവര്‍ക്കു മുന്നില്‍ മാതൃകകളായി ചൂണ്ടിക്കാട്ടാന്‍ ചിലര്‍.തലതിരിഞ്ഞ മൂല്യങ്ങളില്‍ നിന്നൊരു പിന്തിരിയല്‍.ഭൌതിക നേട്ടങ്ങള്‍ക്കപ്പുറം, ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള അന്വേഷണത്തിനു പ്രേരകമാകുന്ന വിദ്യാഭ്യാസം... ശങ്കരപ്പിള്ള സര്‍,നിസ്സഹായത എന്നത് നമുക്കെപ്പോഴും സൌകര്യപ്രദമായ ഒരാവരണമാണ് എങ്കിലും എല്ലാ പ്രതീക്ഷകളും അസ്തമിച്ചിട്ടില്ല എന്നു വിശ്വസിക്കാനാണെനിക്കിപ്പോഴുമിഷ്ടം.

ജിക്കൂസ് ! said...

ആനുകാലിക പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്.
സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഗുണ്ടകളെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു.ആശയപരമായ വിമര്‍ശനങ്ങളെ കായികപരമായി നേരിടാനുള്ള പ്രവണതയില്‍ നിന്നാണ് ഗുണ്ടായിസം പലപ്പോഴും വളര്‍ന്നു വന്നിട്ടുള്ളത്.രാഷ്ട്രീയത്തിലെ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനു ആയുധം എടുക്കുകയോ എടുപ്പിക്കുകയോ ചെയ്യുന്ന പ്രവണത അരാജകത്വത്തിലേക്ക് നയിക്കുന്നു.
വാഹന വായ്പ്പ കൊടുക്കുന്ന വ്യക്തികളും കമ്പനികളും,പുത്തന്‍ തലമുറ ബാങ്കുകള്‍ തുടങ്ങിയവ മുതലും പലിശയും വസൂലാക്കുന്നതിനു നിയമപ്രകാരമുള്ള വഴികള്‍ ആലോചിക്കുന്നതിനു പകരം എന്ത് പേരിലായാലും ഗുണ്ടകളെ ഇടപെടുതുന്ന പ്രവണത ആഗോളവല്‍ക്കരണ കാലത്തെ മുതലാളിത്തത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഗുണ്ടകള്‍ക്ക് സമൂഹത്തില്‍ കിട്ടുന്ന ഗ്ലാമര്‍ പരിവേഷവും അരക്ഷിതാവസ്ഥയും കുടുംബ പശ്ചാത്തലവും തൊഴിലില്ലായ്മയും യുവാക്കളെ ഗുണ്ടാസംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.ചെറുകിട ഗുണ്ടാസംഘങ്ങളായി വരുന്നവരാണ് തീവ്രവാദത്തിലേക്കും വര്‍ഗീയതതിലെക്കും റിക്രൂട്ട് ചെയ്യപ്പെടുന്നത്.

ഭരിക്കുന്നവരുടെ ഇച്ഛാശക്തിയോടെയുള്ള നടപടികളും ഇടപെടലുകളും തീര്‍ച്ചയായും ഉണ്ടാവേണ്ടതാണ്.അതോടൊപ്പം നമ്മുടെ നാട്ടിലെ ഗുരുതരമായ തൊഴിലില്ലായ്മ പരിഹരിക്കേണ്ടതുണ്ട്.ഗുണ്ടാസം
ഘങ്ങളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും പ്രവര്‍ത്തനം മൂലം അനാഥമായിപ്പോകുന്നത് ഒരു കുടുംബത്തിന്റെ അത്താണി ആണ് എന്നത് എടുത്തുകാട്ടികൊണ്ടുള്ള ബോധവല്‍ക്കരണവും അനിവാര്യമാണ്.ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് തന്നെ നേരിടാനുള്ള ആര്‍ജവം രാഷ്ട്രീയപാര്‍ടികള്‍ കാണിക്കേണ്ടതുണ്ട്.നിഷ്പക്ഷമായി കാര്യങ്ങള്‍ കാണേണ്ടതിനു പകരം പക്ഷം പിടിച്ചുകൊണ്ടുള്ള മാദ്ധ്യമ വിശകലനങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.ഇതിനെതിരെയുള്ള സര്‍കാരിന്റെ നീക്കങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളിലെത്തിക്കേണ്ട ഉത്തരവാദിത്തം മാദ്ധ്യമങ്ങള്‍ക്കുണ്ട്.ഇതിനു നിയമപാലകരും ആത്മാര്‍ഥമായി ശ്രമിക്കേണ്ടതാണ്............ഈ ഷെഡ്യൂള്‍ സമാപിചിരിക്കുന്നു...അടുത്ത ചര്‍ച്ച ഉടന്‍ തന്നെ ആരംഭിക്കുന്നു.....ഇനി വരുന്ന വാദങ്ങള്‍ സ്വീകരിക്കുന്നതല്ല

Post a Comment

N:Bഒരാള്‍ക്ക്‌ എത്ര തവണ വേണമെങ്കിലും വാദങ്ങള്‍ ഉന്നയിക്കാവുന്നതാണ് ...വാദങ്ങള്‍ അറിയിക്കുമ്പോള്‍ നിര്‍ബന്ധം ആയും EMAIL FOLLOW up നിര്‍ബന്ധം ആയും ACTIVATE ചെയ്യുക..(വാദങ്ങള്‍ അറിയിക്കുന്നവര്‍ കമന്റ്‌ ബോക്സിനു താഴെയുള്ള SUBSCRIBE ബട്ടണ്‍ ക്ലിക്ക്‌ ചെയ്തു ACTIVATE) ചെയ്യുക.ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശങ്ങളും അഭിനന്ദനങളും ചര്‍ച്ച പോസ്റ്റില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുക അങ്ങനെയുള്ളവ സന്ദര്‍ശക ഡയറിയില്‍ മാത്രം അറിയിക്കുക .
വാദങ്ങളില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ ഈ ഫോര്‍മാറ്റ്‌ ഉപയോഗിക്കുക ..
<a href="web address">text to be displayed </a>

Followers

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP